ഇസ്‌ലാമിക ജീവിതത്തില്‍ മതവിധികള്‍ സ്വീകരിക്കേണ്ട പ്രഭവകേന്ദ്രത്തിന്റെ ഏകത്വം സംബന്ധിച്ചുളള ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഒരു മുസ്‌ലിം, അല്ലാഹു അവതരിപ്പിച്ചതല്ലാത്ത മറ്റു വല്ല നിയമങ്ങള്‍ കൊണ്ടുളള വിധി തേടി പോവുക എന്നത് അതില്‍ നിന്നുണ്ടാകുന്ന നിഫാക്വ് (കാപട്യം) ആണെന്ന് നാം വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളുമായി യോജിച്ചു പോകുന്നതല്ല. അല്ലാഹു നിശ്ചയിച്ച മതവിധികള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടുന്നവന്‍ അത് വഴി ഇസ്‌ലാമിക മാര്‍ഗ്ഗത്തില്‍ നിന്ന് മാര്‍ഗ്രഭ്രംശം സംഭവിച്ചവനാണ്. അല്ലാഹുവിനും അവന്റെ റസൂലിനുമല്ലാതെ മറ്റൊരാള്‍ക്കും നിരുപാധികമായ അനുസരണം പാടില്ല. എന്നാല്‍, മറ്റുളളവരെ അനുസരിക്കുക എന്നത് അത് വിധികര്‍ത്താവോ മതപണ്ഡിതനോ, ഭരണാധികാരിയോ, ഭര്‍ത്താവോ, പിതാവോ ആരാകട്ടെ, ആ അനുസരണം വഴി അല്ലാഹുവോട് അനുസരണക്കേട് സംഭവിക്കാന്‍ പാടില്ല എന്ന നിബന്ധനക്ക് വിധേയമായിക്കൊണ്ടേ പാടുള്ളൂ. അല്ലാഹുവിന്റെ റസൂലിന്റേതല്ലാത്ത ഏതൊരാളുടെ വാക്കിലും തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും. മതപണ്ഡിതരെ പിന്തുടരുക എന്നത് അല്ലാഹുവിന്റെ മതത്തിന്റെ വിധികള്‍ മനസ്സിലാക്കാനുളള ഒരു മാര്‍ഗ്ഗം എന്ന നിലയില്‍ മാത്രമാണ് ശരിയായ നടപടിയാകുന്നത്. വിട്ടുവീഴ്ച ചെയ്യാവുന്ന കാര്യങ്ങള്‍, അനുവദനീയ വിഷയങ്ങള്‍, ഗവേഷണാത്മക മസ്അലകള്‍ എന്നിങ്ങനെയുളള കാര്യങ്ങളുടെ വൃത്തത്തില്‍പ്പെട്ട വിഷയങ്ങളില്‍ മാത്രമേ കൂടിയാലോചനയുളളൂ. മതനിയമങ്ങളുമായി വൈരുദ്ധ്യത്തിലാകുന്ന വാക്കുകള്‍ക്ക് പിന്നെയൊരു പരിഗണനയുമില്ല. –