സംഘടനകളും വ്യക്തികളുമല്ല; സത്യമാണ് പിന്‍പറ്റാന്‍ കൂടുതല്‍ അര്‍ഹമായത്
—————————————————————————————–
എഴുതിയത്: അബ്ദുൽ മുഹ്സിൻ ഇബ്‌നു സയ്യിദ് അലി ഐദീദ് , പൊന്നാനി
എല്ലാ നമസ്കാരങ്ങളിലും നെഞ്ചത്ത് കൈ കെട്ടി ആത്മാര്‍ത്ഥതയോടെ “അല്ലാഹുവെ! എന്നെ നീ സ്വിറാത്തുല്‍ മുസ്തഖീമിലേക്ക് നയിക്കണെ” എന്ന്‍ അഞ്ച് നേരം പ്രാര്‍ഥിക്കുന്ന ഓരോ മുസല്‍മാനും സത്യത്തിലേക്കടുക്കാന്‍ സാധിക്കാവുന്നതെല്ലാം താന്‍ ചെയ്യുമെന്ന്‍ സ്വയം ആ പ്രാര്‍ത്ഥനയിലൂടെ തന്നെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിലേക്ക് നോക്കിയാലും സത്യത്തോടുള്ള പ്രകൃതിപരമായ സ്നേഹം അവരില്‍ കാണുന്നുണ്ടെങ്കിലും അതിന് വേണ്ടിയുള്ള പരിശ്രമം തങ്ങളുടെ അവകാശവാദങ്ങളെ സത്യപ്പെടുത്തുന്നില്ല എന്ന്‍ പറയേണ്ടി വരും.
സത്യം ഒന്നു മാത്രമേയുള്ളൂ എന്നെല്ലാവര്‍ക്കും അറിയാം.
എത്രയോ ആയത്തുകളില്‍ അല്ലാഹു പറഞ്ഞു : “അന്ധകാരങ്ങളില്‍ നിന്ന്‍ പ്രകാശത്തിലേക്ക് “. എല്ലായിടത്തും പ്രകാശം എന്ന പദം ഏകവചനമാണ്. സത്യം ഒന്നാണെന്നും വഴികേടിന്‍റെ മാര്‍ഗങ്ങള്‍ അനേകം ഉണ്ടെന്നും അതില്‍ വ്യക്തമായ തെളിവുണ്ട്.
നബി-صلى الله عليه وسلم- സ്വിറാത്തുല്‍ മുസ്തഖിം സ്വഹാബികള്‍ക്ക് മനസ്സിലാക്കി നല്‍കിയത് മണ്ണില്‍ ഒരു നേര്‍ വര വരച്ചു കൊണ്ടാണ്. അതെ! സത്യം വളവില്ലാത്തതാണ്. അതു പോലെ അതൊന്നു മാത്രവുമാണ്.
എന്നാല്‍ ബിദ്‌അത്തിന്‍റെ വഴികള്‍ അവിടുന്ന്‍ കാണിച്ചു കൊടുത്തത് അതിന് നേര്‍വരയ്ക്ക കുറുകെ വളഞ്ഞും തിരിഞ്ഞും പോകുന്ന അനേകം വഴികള്‍ വരച്ചു കൊണ്ടാണ്. അതെ! അസത്യത്തിന്‍റെ വഴികള്‍ വളഞ്ഞായിരിക്കും. അതോടൊപ്പം അവ അനേകമുണ്ടാവുകയും ചെയ്യും.
സത്യം പിന്‍പറ്റുക എന്നത് അനിവാര്യമാണ്. അതിന് വേണ്ടിയാണ് നമ്മെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് തന്നെ. പക്ഷെ ജനങ്ങളെ സത്യത്തില്‍ നിന്ന്‍ അകറ്റുന്ന അനേകം കാര്യങ്ങളുണ്ട്. അവ തിരിച്ചറിയെണ്ടത് അനിവാര്യമാണ്. കാരണം പലപ്പോഴും ജനങ്ങളെ സത്യത്തില്‍ നിന്ന്‍ അകറ്റുന്നത് ഇത്തരം കാര്യങ്ങളാണ്.
അറിവില്ലായ്മ വഴികേടിനുള്ള പ്രധാനകാരണം
—————————————————–
അറിവ് നേടുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് പല തവണ ഫേസ്ബുക്കിലെ എഴുത്തുകളിലൂടെയും മറ്റും സൂചിപ്പിച്ചത് ബഹുമാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. അറിവ് നേടുന്നതില്‍ വരുത്തുന്ന പിഴവ് സ്വിറാത്തുല്‍ മുസ്തഖീമില്‍ നിന്ന്‍ വഴിപിഴക്കാനുള്ള ഏറ്റവും പ്രധാനകാരണമാണ്.
ഇബ്നുല്‍ ഖയ്യിം(റ) പറഞ്ഞു : “അല്ലാഹുവിങ്കല്‍ ഏറ്റവും മ്ലേഛമായ വര്‍ഗം അറിവില്ലാത്തവരാണെന്ന് അവന്‍ ഖുര്‍ആനില്‍ അറിയിച്ചിരിക്കുന്നു. കഴുതകളും നായക്കളും പ്രാണികളും മറ്റെല്ലാ ജന്തുവര്‍ഗങ്ങളും അടങ്ങുന്ന ജീവലോകത്തിനിടയിലാണ് ഇതെന്ന കാര്യം ഓര്‍ക്കുക. അവര്‍ക്കിടയില്‍ നിന്നെല്ലാം ഏററവും മ്ലേഛമായത് അറിവില്ലാത്തവരാണ്. പ്രവാചകന്മാരുടെ മതത്തെ അവരെക്കാള്‍ ഉപദ്രവിച്ചവര്‍ വേറെയില്ല. യഥാര്‍ത്ഥത്തില്‍ പ്രവാചകന്മാരുടെ ശത്രുക്കള്‍ അവരാണ്.” (മിഫ്താഹുദാരിസ്സആദ)
കണ്ണു തുറക്കൂ; സത്യം കണ്ടെത്തുക എളുപ്പമാണ് …!!
———————————————————
നബി-صلى الله عليه وسلم- പറഞ്ഞു : “പ്രകാശഭരിതമായ വഴിയിലാണ് ഞാന്‍ നിങ്ങളെ വിട്ടുപോകുന്നത്. അതിലെ രാത്രികള്‍ പോലും പകലുകള്‍ പോലെയാണ്. സ്വയം നശിച്ചവനല്ലാതെ ആ വഴിയില്‍ നിന്നും തെറ്റിപ്പോവുകയില്ല.”
ഇസ്ലാമിന്‍റെ ആദര്‍ശ തെളിമയെ കുറിച്ച് നബി-صلى الله عليه وسلم- അറിയിച്ച ഹദീസാണ് നാം മേലെ വായിച്ചത്. പക്ഷേ ചിലരുടെയെങ്കിലും സംസാരം കേട്ടാല്‍ തോന്നുക ഇസ്ലാമിനോളം സത്യം കണ്ടെത്താന്‍ പ്രയാസമുള്ള മതം വേറെയില്ലെന്നാണ്. ഈ കണ്ട അഭിപ്രായവ്യത്യാസങ്ങളെല്ലാം അവരെ പ്രയാസത്തിലാക്കിയിരിക്കുന്നു.
അല്ലാഹു നമ്മെ സൃഷ്ടിച്ചതിന് പിന്നിലുള്ള ലക്ഷ്യമെന്തെന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്‍ സത്യം കണ്ടെത്താന്‍ ശ്രമിക്കുക എന്നത് ഒരു പ്രയാസമേ അല്ല.
അല്ലാഹു പറഞ്ഞു : “നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. ( എന്നാല്‍ ) അവര്‍ ഭിന്നിച്ചു കൊണ്ടേയിരിക്കുന്നതാണ്. നിന്‍റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിനു വേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്.” (സൂറ ഹൂദ്: )
മേലെ കൊടുത്ത ആയത്തില്‍ “അതിന് വേണ്ടിയാണ് അവരെ സൃഷ്ടിച്ചത്” എന്ന ഭാഗം വിശദീകരിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്.
ഒന്ന്‍ : അഭിപ്രായങ്ങളില്‍ പരസ്പരം ഭിന്നിച്ചു കൊണ്ടേയിരിക്കുക എന്ന പ്രാപഞ്ചിക നിയമം അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചതിന് പിന്നിലുണ്ട്.
രണ്ട് : അഭിപ്രായവ്യത്യാസങ്ങളുണ്ടായാല്‍ സത്യം കണ്ടെത്തി അതില്‍ ഒന്നിച്ച്, ഒരു സമുദായമാകുക എന്ന ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നതിനായാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത്.
രണ്ടാണ് ഉദ്ദേശമെങ്കിലും മനുഷ്യ സൃഷ്ടിപ്പിന്‍റെ ഭാഗമാണ് അഭിപ്രായവ്യത്യാസങ്ങ ളുണ്ടാവുക എന്നതും, അതില്‍ സത്യം അന്വേഷിച്ചു കണ്ടെത്തുക എന്നതാണ് അല്ലാഹു അവനെ ഏല്‍പ്പിച്ച ലക്ഷ്യമെന്നുമുള്ള കാര്യം ഈ ആയത്തില്‍ നിന്ന്‍ വ്യക്തമാകും.
പക്ഷേ, അഭിപ്രായവ്യത്യാസങ്ങളില്‍ പലപ്പോഴും പലരുടെയും നിലപാട് നിസ്സംഗതയും, ഇതൊന്നും എന്നെക്കൊണ്ട് അന്വേഷിച്ചു മനസ്സിലാക്കാന്‍ പറ്റില്ലെന്നുമാണ്. അവര്‍ അല്ലാഹു തങ്ങളെ ഏല്പ്പിച്ച ലക്‌ഷ്യം മറന്നു പോയിരിക്കുന്നു എന്ന്‍ മാത്രമെ പറയാന്‍ കഴിയൂ.
അതോടൊപ്പം കാലം കഴിയും തോറും സത്യം കണ്ടെത്താനുള്ള വഴികള്‍ അല്ലാഹു എളുപ്പമാക്കി നല്‍കിയിരിക്കുകയാണ്. മതവിജ്ഞാനവുമായി -പ്രത്യേകിച്ചു ഹദീസ് വിജ്ഞാനം – ബന്ധപ്പെടുന്ന ഏവര്‍ക്കും അക്കാര്യം കൂടുതല്‍ വ്യക്തമാകുമായിരിക്കും.
പക്ഷേ അത്തരം എളുപ്പങ്ങള്‍ നമ്മെ മടിയന്മാരാക്കിയിരിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം സത്യം കണ്ടെത്തല്‍ ഇപ്പോഴും പ്രയാസം തന്നെ. സത്യത്തില്‍ നിന്ന്‍ മനുഷ്യരെ അകറ്റുന്ന ഒരു കാരണം അതാണ് .
മറ്റുള്ളവരെ തിരുത്തുന്നതിന് മുന്‍പ് …
—————————————–
“അവന്‍ മുബ്തദിആണ്.”
“അവന്‍ ജാഹിലാണ്.”
“ഇവന് നാട്ടിലെ സാഹചര്യങ്ങള്‍ മനസ്സിലായിട്ടില്ല.”
“നേതൃത്വത്തെ അനുസരിക്കാത്തവന്‍.”
“അറബി ശൈഖുമാരെ തഖ്‌ലീദു ചെയ്യുന്നവന്‍.”
“സംഘടനാവാദി” … “സുബൈരി” … “ഹജൂരി”……
ഓരോരുത്തരെയും ആക്ഷേപിക്കാന്‍ നമുക്ക് വാക്കുകളെറെയുണ്ട്. എന്നാല്‍ നമ്മെക്കുറിച്ച് നമ്മുടെ സ്വയം വിധി എന്താണ് എന്നെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സത്യത്തില്‍ നിന്ന്‍ ആളുകളെ വഴി തെറ്റിക്കുന്ന വളരെ ഗൌരവമേറിയ അസുഖമാണ് സത്യം പറയുന്നവനെ കള്ളനായും, തിരിച്ചും മനസ്സിലാക്കുക എന്നത്. നമ്മളും നമ്മുടെ കൂടെയുള്ളവരും മാത്രമാണ് സത്യത്തിലെന്നും, ബാക്കിയുള്ളവരെല്ലാം എന്തെല്ലാം നന്മകള്‍ അവരിലുണ്ടായാലും അതെല്ലാം പരിഹാസ്യമാണെന്നും, എന്ത് ചെറിയ തിന്മ അവരില്‍ കണ്ടാലും അതിനേക്കാള്‍ വലിയ തിന്മ ലോകത്തിനിയുണ്ടാകാനില്ലെന്നുമുള്ള രൂപത്തിലുള്ള ചിന്ത സത്യത്തിലേക്ക് നയിക്കുന്നതിന് സഹായകമല്ല.
അല്ലാഹു പറഞ്ഞു : “പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയന്തം പിഴച്ചു പോയവരത്രെ അവര്‍. തങ്ങള്‍ നല്ല പ്രവര്‍ത്തനത്തിലാണെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.” (അല്‍ കഹ്ഫ്: 103, 104)
ഈ അവസ്ഥയിലേക്ക് നാം ആപതിക്കുന്നുണ്ടോ എന്ന്‍ എല്ലാവരും പരിശോധിക്കേണ്ടതുണ്ട്. കാരണം ഈ ചിന്ത വന്നു കഴിഞ്ഞാല്‍ സത്യം ഒരിക്കലും എന്‍റെയും എന്നോടൊപ്പമുള്ളവരുടെയും അടുത്തല്ലാതെ ഉണ്ടാവില്ലെന്ന ചിന്ത ഉണ്ടാകും. അതോടെ പിന്നെ അയാളുടെ സത്യാന്വേഷണം അവസാനിക്കുകയായി.
തനിക്ക് സ്വര്‍ഗം ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവര്‍ക്കും ആഗ്രഹിക്കണം എന്നായിരുന്നു പണ്ടെല്ലാം പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ മറ്റുള്ളവര്‍ക്ക് സ്വര്‍ഗം ആഗ്രഹിക്കുന്നത് പോലെ സ്വന്തത്തിനും അതാഗ്രഹിക്കുക എന്ന്‍ തിരിത്തിപ്പറയേണ്ടി വന്നോ എന്നൊരു സംശയം!!
സത്യം അന്വേഷിച്ചു പോവുക; അതൊരിക്കലും നിങ്ങളെ തേടിവരികയില്ല
—————————————————————-
ഞങ്ങള്‍ സത്യത്തിലാണെന്ന് ഉറച്ച് അവകാശപ്പെടുന്ന പലരോടും അത് കണ്ടെത്താന്‍ നിങ്ങള്‍ നടത്തിയ പരിശ്രമം ഒന്ന്‍ പറയാന്‍ ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ ധാരാളമൊന്നുമുണ്ടായിക്കൊള്ളണമെന്നില്ല.
പലരും സത്യത്തിലാണെന്ന് ഉറപ്പിച്ചു പറയുന്നത് എന്നോ കേട്ട ഒരു പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലോ, എപ്പോഴോ വായിച്ച ഒരു പുസ്തകത്തിന്‍റെ ചില്ലറ പേജുകളുടെയോ ബലത്തിലായിരിക്കും. കുറച്ചെന്തെങ്കിലും അറിവിനോട് ബന്ധമുള്ളവനാണെങ്കില്‍ ഒരു തുണ്ടം ഫതവയോ മറ്റോ കാണിച്ചെക്കാം.
പലപ്പോഴും സത്യത്തിന് നാം നല്‍കുന്ന വില ഗൂഗിളില്‍ നടത്തുന്ന ബലമില്ലാത്ത ഒരു സെര്‍ച്ചിന്റെ വിലയാണ്. സത്യം അതിന് വില കല്‍പ്പിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്.
സത്യം തേടിപ്പിടിക്കേണ്ടതിന്‍റെ ഗൌരവവും ആവശ്യകതയും വിശദമായി പ്രതിപാദിച്ച അധ്യായത്തിന്‍റെ വിവര്‍ത്തനമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
വായിക്കുക. പകര്‍ത്തുക. പ്രചരിപ്പിക്കുക.